Wednesday, June 3, 2009

നീര്‍ മാതളം കൊഴിഞ്ഞപ്പോള്‍.................

"നീര്‍ മാതളങ്ങളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്റി കാലങ്ങളില്‍ ഞാന്‍ ഉറങ്ങുംബോള്‍ അമ്മയുടെ ആശ്ലേഷത്തില്‍ നിന്ന് വിടുവിച്ച് എത്റയോ തവണ ജനാലയിലൂടെ നോക്കി നിന്നിട്ടുണ്ട്, പൂത്ത് നില്ക്കുന്ന നീര്‍മാതളം ഒരു നോക്ക് കൂടി കാണാന്‍ .
നിലാവിലും നേര്‍ത്ത നിലാവായ ആ ധവളിമ സര്‍പ്പക്കാവില്‍ നിന്നും ഒരോ കാറ്റ് വീശുംബോഴും തിരുവാതിരക്കുളി കഴിഞ്ഞ പെണ്‍ കിടാവ് പോലെ വിറച്ചു. ഒരോ വിറയലിലും എത്റയൊ പൂക്കള്‍ കൊഴിഞ്ഞു വീണു. നാല് നനുത്ത ഇതളുകളും നടുവില്‍ ഒരു തൊങ്ങലും മാത്റമെ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ഞെട്ടറ്റ് വീഴും മുന്‍പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധ പൂര്‍ണ്ണമാക്കി."

- നീര്‍ മാതളം പൂത്ത കാലം

മലയാളത്തിന്‍റെ ആ നീര്‍മാതളം സുഗന്ധം പരത്തി കടന്നു പോയി, പക്ഷെ അതു പകര്‍ന്നു തന്ന വാസന എന്നും മലയാളത്തില്‍ നില നില്ക്കും. ഭാഷയെക്കാളുപരി മാധവിക്കുട്ടി എഴുതിയത് ഹൃദയം പിഴിഞ്ഞ തീക്ഷ്ണമായ അനുഭവങ്ങളില്‍ നിന്നാണ്. ഹ്രൃദയം കൊണ്ട് പാടിയ വാനമ്പാടിയായിരുന്നു അവര്‍.

ഒറ്റപ്പെടലുകളുടേതായിരിക്കണം അവരുടെ ബാല്യ കാലം. എകാന്തതകളില്‍ ആമിയുടെ സുഹൃത്തുക്കല്‍ പക്ഷികളും പൂക്കളും മരങ്ങളും നക്ഷത്റങ്ങളൂമായിരുന്നു. സ്മൃതിയുടെ ആഴങ്ങളിലേക്ക് അവര്‍ ഊളിയിട്ടപ്പോള്‍ മലയാളത്തിന് ലഭിച്ചത് അനുഭവ തീക്ഷ്ണതയുടെ തെളിനീരുറവയാണ്.

ലൈംഗികത പാപമാണെന്നും സ്ത്രീക്ക് വികാരങ്ങള്‍ പാടില്ലെന്നും വിധിച്ചിരുന്ന കപട നൈതികതയിലേക്ക് ചോദ്യങ്ങളെറിഞ്ഞ ആദ്യത്തെ എഴുത്തു കാരിയാണ് കമല സുരയ്യ എന്ന കമല ദാസ്. പ്രണയത്തെക്കുറിച്ചും ലൈംഗികതെയും കുറിച്ച് ഇത് പോലെ തുറന്നെഴുതാന്‍ ഒരു സ്ത്രീയും ധൈര്യം കാണിച്ചിട്ടില്ല.

കമല സുരയ്യയുടെ ജീവിതം തന്നെ ഒരു കവിതയായിരുന്നു, അസ്ത്ര പ്രജ്ഞയായി നിലം പതിച്ച ആ പക്ഷിക്ക്, സുഗന്ധം പരത്തി കടന്നു പോയ ആ നീര്‍ മാതളത്തിന് ആദരാഞ്ജലികള്‍.

No comments: